ആട് 2 വിൽ നിന്നും ഒഴിവാക്കിയ രംഗം കാണാം.

തീയറ്ററിലാകെ പൊട്ടിച്ചിരികളുയർത്തി വിജയകരമായി മുന്നോട്ടു നീങ്ങുന്ന ആട് 2 വിൽ നിന്നും ഒഴിവാക്കിയ സീൻ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൌസ് പുറത്തുവിട്ടു. സിനിമ പോലെ തന്നെ ഹിറ്റാണ് യൂട്യൂബിൽ ഈ വീഡിയോ.

ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് മിഥുന്‍ മാനുവല്‍ ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ആട് 2. 2015ല്‍ ഇറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി തന്നെയാണ് ചിത്രം ഒരുക്കിയിരുന്നത്. തീയറ്ററില്‍ കാര്യമായ പ്രതികരണമൊന്നും സൃഷ്ടിക്കാത്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും, ഓണ്‍ലൈന്‍ ചര്‍ച്ചകളിലും പുനര്‍ജീവിക്കുകയും, അവയ്‍ക്കായി ‘കള്‍ട്ട്’  ആരാധകര്‍ ഉണ്ടാകുകയും ചെയ്‍തതാണ് രണ്ടാംഭാഗത്തിലേക്ക് ആടിനെ എത്തിക്കാനുള്ള പ്രചോദനം എന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു. ആ രീതിയില്‍ തന്നെ പ്രേക്ഷകന്‍ എന്ന രീതിയില്‍ ചിത്രത്തെ സമീപിച്ചാല്‍ നിരാശപ്പെടുത്താത്ത ഒരു ചിത്രമാണ് ആട് 2.

 

ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ ഫിഗര്‍ തന്നെയാണ് രണ്ട് മണിക്കൂറോളം നീളമുള്ള ചിത്രത്തെ തോളിലേറ്റി മുന്നോട്ട് നയിക്കുന്നത്. നീലകൊടുവേലിയും വാങ്ങി എല്ലാം ഭാഗ്യത്തിലവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ പരാധീനതകള്‍ കൂടിയ ഷാജി പാപ്പനെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. നടുവേദനയും കുടുംബ പ്രാരാബ്ധങ്ങളും ഷാജി പാപ്പനെ അലട്ടുന്നുണ്ട്. പഴയ ഗ്യാങ്ങ് അബുവും, ക്ലീറ്റസും, ലോലനും ഒക്കെ പാപ്പനോടൊപ്പം പ്രസരിപ്പോടെ തന്നെയുണ്ട്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ലോലന്‍ മാത്രം ഒരു മേക്ക് ഓവര്‍ നടത്തിയെന്ന് പറയാം. ബാക്കിയെല്ലാ കഥാപാത്രങ്ങളും കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച തന്നെയാണ്.

 

ഹൈറേഞ്ചിലെ ചെറിയ വലിയ പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുന്ന പാപ്പനെയും സംഘത്തിനെയുമാണ് ആദ്യഭാഗത്ത് അവതരിപ്പിക്കുന്നത്. വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീര്‍, സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന സാത്താന്‍ സേവ്യര്‍, വിനായകന്റെ ഡ്യൂഡ്, ഇന്ദ്രന്‍സിന്റെ പി പി ശശി എന്നിവരും വിവിധ സന്ദര്‍ഭങ്ങളിലായി സ്‍ക്രീനില്‍ എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം പുതിയ പാശ്ചാത്തലങ്ങളും കഥഗതികളും നല്‍കുന്ന തരത്തില്‍ രസകരമായി സ്‍ക്രീപ്റ്റ് ഒരുക്കുന്നതില്‍ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ വിജയിച്ച‍ിട്ടുണ്ട്. ഹൈറേഞ്ചിലെ പ്രശ്‍നങ്ങളില്‍ പെടുന്ന ഷാജിപാപ്പന്‍ ഒരു രാജ്യവ്യാപക വിഷയത്തില്‍ കൂടി ഉള്‍പ്പെടേണ്ടി വരുന്നയിടത്താണ്  ആട് 2 മറ്റൊരു രസകരമായ മുഹൂര്‍ത്തത്തിലേക്ക് നീങ്ങുന്നത്.

 

ആട് 2 വിൽ നിന്നും ഒഴിവാക്കിയ രംഗം കാണാം.

Related posts