ഇന്ത്യന്‍ നിരയിലെ ഈ കൂട്ടുകെട്ട് മങ്ങിയാല്‍ പരമ്പര നഷ്ടപ്പെടും

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തുന്ന ഇന്ത്യന്‍ സംഘത്തിന് നിര്‍ണായകമാവുക ബാറ്റിങ് കൂട്ടുകെട്ടുകള്‍. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റിങ് ബാലപാഠങ്ങള്‍ മറക്കുന്ന പതിവ് ഇന്ത്യന്‍ രീതി ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി പരീക്ഷിക്കപ്പെടും.

മധ്യനിരയിലെ ബാറ്റിങ് കൂട്ടുകെട്ടുകളായിരിക്കും പരമ്പരയില്‍ നിര്‍ണായകമാവുക. പ്രത്യേകിച്ചും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ മങ്ങിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. പേസര്‍മാര്‍ നന്നായി പന്തെറിയുമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആശങ്കയൊഴിയുന്നില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ക്ക് പകരക്കാരാകാന്‍ കഴിയുമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇനിയും തെളിയിച്ചിട്ടില്ല. വിദേശ പിച്ചുകളിലും കളിമികവ് ആവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇന്ത്യ മികച്ച ടീമെന്ന് പറയാന്‍ കഴിയൂയെന്ന് മുന്‍താരങ്ങളും വ്യക്തമാക്കിയതോടെ കളിക്കാര്‍ സമ്മര്‍ദ്ദത്തിലാണ്.

വിരാട് കൊഹ്‌ലിക്കും സഹതാരങ്ങള്‍ക്കും ഇനിയും തെളിയിക്കാനുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പര അതിനുള്ള വേദിയാണ്. ഇവിടെ പരാജയം സമ്പൂര്‍ണമാണെങ്കില്‍ ടീം വിമര്‍ശിക്കപ്പെടും. വിദേശ പിച്ചുകളില്‍ കടലാസുപുലികള്‍ മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി വിധിയെഴുതും. എന്നാല്‍, പരമ്പരയില്‍ അവസരത്തിനൊത്തുയരുമെന്നും ആരാധകരുടെ പ്രതീക്ഷ കാക്കുമെന്നുമാണ് ക്യാപ്റ്റന്റെ വാഗ്ദാനം.

നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ സൂക്ഷിക്കേണ്ട താരങ്ങളായി സേവാഗ് കൊഹ്‌ലി, രോഹിത്, ധവാന്‍ എന്നിവരെ ചൂണ്ടിക്കാട്ടിയിരുന്നു. ലോക ക്രിക്കറ്റില്‍ ഇന്ന് വിരാടിനെ വെല്ലാന്‍ ആരുമില്ലെന്നും ഫ്രണ്ട് ഫൂട്ടില്‍ തന്നെ കളിക്കാന്‍ വിരാട് ശ്രമിക്കണമെന്നും വീരു പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും അപകടകാരിയാകുമെന്നും വീരു പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ രോഹിത് ശര്‍മ്മയെ ഓപ്പണറായി ഇറക്കുന്നതിന് പകരം ആറാമനായി ഇറക്കണമെന്നാണ് സേവാഗ് പറയുന്നത്. 50 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ശിഖര്‍ ധവാനും അപകടകാരിയാകുമെന്നും സേവാഗ് പറയുന്നു. അതേസമയം പോര്‍ട്ടീസ് ബൗളര്‍മാരായ റബാഡയും സ്‌റ്റെയിനും ഫിലാന്‍ഡറും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നും സെവാഗ് കരുതുന്നു.ഈ വര്‍ഷം ആരംഭിക്കുന്നത് തന്നെ ഇന്ത്യന്‍ ടീമിനെ അപേക്ഷിച്ച് വെല്ലുവിളിയോടെയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യന്‍ ടീമിനും കൊഹ്‌ലിക്കും കടുത്ത പരീക്ഷണമായിരിക്കുമെന്നും സേവാഗ് വ്യക്തമാക്കി.

വിരാട്, ജോ റൂട്ട്, വില്യംസണ്‍, വാര്‍ണര്‍ എന്നിവരാണ് സേവാഗിന്റെ അഭിപ്രായത്തില്‍ ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍. അതില്‍ തന്നെ വിരാടിനാണ് സേവാഗിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം.

ജനുവരി 5 മുതല്‍ ഫെബ്രുവരി 24 വരെയാണ് ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പര. മൂന്നു ടെസ്റ്റ് മല്‍സരങ്ങളും 6 ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related posts