കേരളത്തെ ഭീതിയിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ്: കനത്ത മഴയും ഉരുള്‍പൊട്ടലും; മരണം 7 ആയി; കനത്ത ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്. കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ വിഷ്ണു ആണ് മരിച്ചത്. കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, വിരുദനഗര്‍ തുടങ്ങിയ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ മൂലം മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

Related posts