കോടിയേരിയുടെ മകന്റെ പണമിടപാട് വിവാദം ആളിക്കത്തിച്ച് ബി ജെ പിയും കോൺഗ്രസ്സും; ആരോപണം സർക്കാരിനെ ബാധിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.

 

ബിനോയ് കോടിയേരി വിഷയം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചു. എന്നാല്‍ ബിനോയ് കോടിയേരിയുടെ പണമിടപാടില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. . പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. ആരോപണം രാഷ്ട്രീയ പ്രേരിതമാകുന്നുവെന്നാണ് സ്പീക്കർ പറയുന്നത്.

 

പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പണമിടപാടിലെ വാസ്തവം ജനങ്ങള്‍ അറിയണം. അന്വേഷിക്കില്ലെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധവും ഖേദകരവുമാണ്. ധാര്‍മ്മികതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മകന്റെ തട്ടിപ്പ് കോടിയേരിയുടെ അറിവോടെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലാളിത്യത്തെക്കുറിച്ച്‌ പറയുന്നവരുടെ മക്കളാണ് കോടികളുടെ തട്ടിപ്പ് നടത്തുന്നത്. വിദേശ മലയാളികളെ പോലും ബിനോയിയുടെ നടപടി അപമാനിക്കുന്നതാണ്. ബിനോയി കോടിയേരിയുടെ സാമ്ബത്തിക തട്ടിപ്പില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ വ്യക്തമാക്കി.

 

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എന്‍ഫോവ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് എന്‍ഫയോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ ഹവാല ഇടപാടുകളും നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാലാണ് പരാതി നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞദിവസം എന്‍ഫയോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ സാമ്പത്തിക ശ്രോതസ്സിനെപറ്റി എന്‍ഫയോഴ്സ്മെന്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിനോയ് കോടിയേരി പ്രശ്നത്തിൽ കോൺഗ്രസ്സും യു. ഡി. എഫും അതിൻറെ തനിനിറം ആവർത്തിച്ചിരിക്കുകയാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. പ്രശ്നത്തിൽ അവർ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയിൽ ഒട്ടകപ്പക്ഷിനയമാണ് അവർ കാണിച്ചത്. ഒന്നും മിണ്ടാൻ അവർക്കു ധൈര്യമില്ല. ഉമ്മൻചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കിൽ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

 

തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ സിപിഎം തന്നെ അന്വേഷിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ‘ആരോപണം അവര്‍ തന്നെ അന്വേഷിക്കും. ഇത് മുന്നണിക്ക് ഒരു തിരിച്ചടിയുമല്ല, പ്രതിച്ഛായാ പ്രശ്നവുമല്ല. എല്‍.ഡി.എഫ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോക്ക് പോവും’, കാനം തൃശ്ശൂരില്‍ പ്രതികരിച്ചു.

 

അതിനിടെ സംഭവത്തിൽ ഒത്തുതീർപ്പു ചർച്ചകൾ പുരോഗമിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. 2015ലാണ് ഈ കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. അക്കാലത്താണ് രാഹുല്‍ കൃഷ്ണ എന്നൊരാൾ ഇടപെട്ട് ബിനോയ് കോടിയേരിക്ക് പണം വാങ്ങി നല്‍കുന്നത്.

Related posts