‘ഗൃഹലക്ഷ്മി’യുടെ മറയില്ലാതെ മുലയൂട്ടാം കവർ പേജ് ചർച്ചയാകുന്നു

വനിതാ ദിനത്തിനോടനുബന്ധിച്ച് ‘മാതൃഭൂമി’യുടെ ‘മറയില്ലാതെ മുലയൂട്ടാം’ എന്ന കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കുന്ന മാർച്ച് ലക്കം ഗൃഹലക്ഷ്മിയുടെ കവർപേജ് ചർച്ചയാകുന്നു. കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് കവർ പേജായി വരുന്നത്.

‘കേരളത്തോട് അമ്മമാർ – തുറിച്ച് നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം’ എന്ന കാപ്ഷനോട് കൂടിയാണ് കവർപേജ്. അഭിനേത്രിയും എഴുത്തുകാരിയുമായ ജിലുജോസഫാണ് മറയില്ലാതെ മുലയൂട്ടുന്ന അമ്മയായി കവർപേജിൽ പ്രത്യക്ഷപ്പെടുന്നത്.

ഗൃഹലക്ഷ്മിയുടെ ഫേസ് ബുക്ക് പേജിൽ കൂടിയാണ് കവർചിത്രം പുറത്ത് വിട്ടത്. ചിത്രം പുറത്തുവന്നതോടെ പല വിധ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഗൃഹലക്ഷ്മിയുടെ കാമ്പയിനിൽ വിളിച്ചപ്പോൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയില്ല. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് ജിലു പറയുന്നു. ഞാൻ വിവാഹം കഴിഞ്ഞിട്ടില്ല. കുഞ്ഞും ഇല്ല. സ്വന്തം കുഞ്ഞിനെ സകല സ്വാതന്ത്ര്യത്തോടെ യും അഭിമാനത്തോടെ യും മുലയൂട്ടാൻ കൊതിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടിയാണ് ഈ മുഖചിത്രം. ജിലു ജോസഫ് പറയുന്നു.

യുവ എഴുത്തുകാരി ഇന്ദുമേനോനും ഗൃഹലക്ഷ്മി മാർച്ച് പതിപ്പിൽ മുലയൂട്ടലിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വിവരിക്കുന്നു.

കാമ്പയിന്റെ ഭാഗമായി ‘ചലഞ്ചും ‘ ഗൃഹലക്ഷ്മി അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന സ്വന്തം ചിത്രങ്ങൾ അയച്ചാണ് അമ്മമാർ ചലഞ്ചിൽ പങ്കെടുക്കേണ്ടത്.

Related posts