ജയസൂര്യയുടെ പുതിയ ചിത്രം ‘ക്യാപ്റ്റന്റെ’ ടീസർ കാണാം

ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം ദൃശ്യവത്കരിക്കുന്ന ചിത്രമായ ക്യാപ്റ്റന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വി.പി. സത്യനായി ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

 

തന്‍റെ ഓരോ ചിത്രങ്ങളിലും കഥാപാത്രത്തിന്‍റെ വ്യക്തിത്വങ്ങളിൽ വ്യത്യസ്തകൾ കണ്ടെത്തി അവതരിപ്പിക്കുന്ന ജയസൂര്യ ആദ്യമായാണ് ഫുട്ബോൾ കളിക്കാരന്‍റെ വേഷത്തിലെത്തുന്നത്. വി.പി. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാര അവതരിപ്പിക്കുന്നു.

1992-ൽ സന്തോഷ് ട്രോഫി കേരളത്തിൽ ആവേശകരമായി സംഘടിപ്പിച്ചപ്പോൾ വി.പി. സത്യൻ എന്ന കരുത്തനായ കളിക്കാരനായിരുന്നു ക്യാപ്റ്റൻ. പിന്നീട് അനവധി അംഗീകാരങ്ങൾ നേടി കേരളത്തിന്‍റെയും ഇന്ത്യയുടെയും അഭിമാനം ഉയർത്തിപ്പിടിച്ച വി.പി. സത്യൻ ഫുട്ബോൾ പ്രേമികളുടെ മനസിൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചുകൊണ്ടാണ് 2006-ൽ വിട പറഞ്ഞത്.

 

ഫുട്ബോൾ രംഗത്ത് ഒരിക്കലും യാതൊരു വിലയുമില്ലാത്ത കാലത്ത് കളിക്കളത്തിനായി ജീവിതം സമർപ്പിച്ച് ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയ വി.പി. സത്യന് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന സത്യത്തിന്‍റെ നേർക്കാണ് പ്രജേഷ് സെൻ ക്യാപ്റ്റൻ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്തന്.
മാധ്യമപ്രവർത്തകനും സിദ്ധിഖിന്‍റെ അസോസിയേറ്റുമായ പ്രജേഷ് സെൻ തന്‍റെ ആദ്യ ചിത്രത്തിലൂടെ പുതിയതലമുറയ്ക്ക് മഹാനായ വി.പി. സത്യനെന്ന കളിക്കാരനെ പരിചയപ്പെടുത്തുകയാണ്.

ടീസർ കാണൂ:

ഫുട്ബോളിനു പുറത്ത് സത്യന് ഒരു ജീവിതമുണ്ടായിരുന്നുവെന്ന് ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്ന ഈ ചിത്രത്തിൽ തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ധിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം നൂറോളം ഫുട്ബോൾ താരങ്ങളും തിരശീലയിലെ കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദും ഹരിനാരായണനും എഴുതുന്ന വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്നു.

ചിത്രത്തിലെ ‘പാൽത്തിര പാടും’ എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

Related posts