പതിനാല് വര്‍ഷത്തിന് ശേഷം സുരഭിയിലൂടെ മലയാളത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം

മിന്നാമിനുങ്ങിലെ മികച്ച പ്രകടനത്തിലൂടെ സുരഭിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തുമ്പോള്‍ അത് മലയാളസിനിമയ്ക്ക് അഭിമാന നിമിഷമാണ്.

നീണ്ട പതിനാല് വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. 2003-ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ച മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം നേടിയ മലയാളി.

ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ ജനിക്കുന്നത് ബംഗാളിയിലും മലയാളത്തിലും തമിഴിലുമാണെന്ന് നിരൂപകര്‍ പ്രശംസിക്കാറുണ്ടെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരം വളരെ അപൂര്‍വ്വമായി മാത്രമേ മലയാളത്തിന് ലഭിച്ചിട്ടുള്ളൂ. മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആറാമത്തെ മാത്രം മലയാളി നടിയാണ് സുരഭി.

1968ല്‍ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് ആദ്യം മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തില്‍ ആദ്യം എത്തിക്കുന്നത്. പിന്നീട് 1972-ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ 1986-ല്‍ മോനിഷ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ല്‍ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിയായി.

Related posts