പഴയ ഊര്‍ജ്ജം തനിക്കില്ലെന്ന് മെസി; ശരീരത്തിന്റെ തളര്‍ച്ച മനസിലാക്കി തുടങ്ങിയിരിക്കുന്നു

കഴിഞ്ഞ രണ്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്താത്തിനോട് പ്രതികരിച്ച് ലയണല്‍ മെസി. ബെഞ്ചിലിരിക്കുന്നതില്‍ തനിക്കു യാതൊരു പ്രശ്‌നവുമില്ലെന്നും പഴയ ഊര്‍ജ്ജം തനിക്കില്ലെന്നും മെസി പറഞ്ഞു. അര്‍ജന്റീനിയന്‍ മാധ്യമം ടിവൈസി സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ സീസണില്‍ എന്റിക്വയുടെ കീഴില്‍ സീസണിലെ ഏറെക്കുറെ എല്ലാ മത്സരങ്ങളും മെസി കളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വാല്‍വെര്‍ദേ താരത്തെ ബെഞ്ചിലിരുത്തിയതില്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. ഇതിനെ പറ്റി ചോദിച്ചപ്പോഴാണ് മെസി ഇതു പറഞ്ഞത്.

സീസണ്‍ വളരെ വലുതാണെന്നും അതു കൊണ്ടു തന്നെ ഇത്തരം തീരുമാനങ്ങള്‍ താന്‍ അംഗീകരിക്കുന്നുവെന്നും മെസി പറഞ്ഞു. മുന്‍പ് എത്ര മത്സരങ്ങള്‍ കളിക്കാനും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ ശരീരത്തിന്റെ തളര്‍ച്ച താന്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നും മെസി വെളിപ്പെടുത്തി.

വരാന്‍ പോകുന്ന ലോകകപ്പില്‍ അര്‍ജന്റീന മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മെസി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ലാലിഗയില്‍ ടോപ് സ്‌കോററായ മെസിയുടെ കീഴില്‍ സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും വന്‍ കുതിപ്പിലാണ് ബാഴ്‌സലോണ .

Related posts