രാഹുൽ ഗാന്ധി എന്റെ കൂടി ബോസാണെന്ന് സോണിയാ ഗാന്ധി

രാഹുല്‍ ഗാന്ധി ഇപ്പോള്‍ തന്റെയും നേതാവാണെന്നും തന്റെ നേതാവില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിലാണ് സോണിയ ഗാന്ധിയുടെ പരാമര്‍ശം.

 

”രാഹുല്‍ ഗാന്ധി ത​ന്റെ കൂടി ബോസാണ്, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. നിങ്ങള്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച പോലെ സമര്‍പ്പണബോധത്തോടെയും വിശ്വാസ്യതയോടെയും ഉത്സാഹത്തോടെയും രാഹുലിനൊപ്പവും പ്രവര്‍ത്തിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു”​- സോണിയ പറഞ്ഞു.

 

നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് നാലുവര്‍ഷമാകുന്നു. പാര്‍ലമെന്റിനും നീതിന്യായ വ്യവസ്ഥക്കും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെതിരായ നടപടികളാണ് ഇതുവരെയുണ്ടായത്. അന്വേഷണ ഏജന്‍സികള്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുകയാണെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു.

 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങാന്‍ സോണിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

 

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ഇതിനായി സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയെ അതിന്റെ ജനാധിയപത്യ, മതേതര, വികസന പാതകളിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. സോണിയ വ്യക്തമാക്കി.

Related posts