വരും നാളുകളില്‍ 3ഡി ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ചുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ പത്തിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം. എന്നാല്‍ വരും വര്‍ഷം ത്രിഡി ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറങ്ങുമെന്നാണ് ചൈനീസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ടെക് സിന ഡോട്ട് കോം പറയുന്നത്. ഷവോമിയുടെ അടുത്ത് ഫ്ലാഗ്ഷിപ് ഫോണില്‍ ഈ സംവിധാനം ഉണ്ടാവുമെന്ന സൂചനയും ഈ റിപ്പോര്‍ട്ടിലുണ്ട്.

പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോം ഒരു സ്ലിം (SLiM Sructured Light Module) സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ത്രിഡി ക്യാമറ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഏത് സാഹചര്യത്തിലും ദൃശ്യങ്ങളുടെ ആഴം (depth) കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നതും അതിലൂടെ ദൃശ്യങ്ങളുടെ ത്രിമാന ചിത്രം പകര്‍ത്താന്‍ സാധിക്കുന്നതുമായ സാങ്കേതിക വിദ്യയാണ് സ്ലിം.

ഹൈമാക്‌സുമായി സഹകരിച്ചാണ് ക്വാല്‍കോം സ്ലിം ത്രിഡി സൊലൂഷന്‍ നിര്‍മ്മിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിലുള്ള അതിന്റെ ഉല്പാദനം അടുത്ത വര്‍ഷം തുടങ്ങുമെന്ന് അഭ്യൂഹങ്ങളും ഉണ്ട്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളെല്ലാം ഈ സാങ്കേതിക വിദ്യയുടെ സഹായം തേടാനാണ് സാധ്യത. ഷവോമിയുടെ എംഐ 7, സാംസങിന്റെ ഗ്യാലക്‌സി എസ് 9/ എസ്9 പ്ലസ് സ്മാര്‍ട്‌ഫോണുകളില്‍ ഈ ഫീച്ചര്‍ ഉണ്ടാവുമെന്നും ടെക് സിന ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related posts