വിമാനം ലാന്‍ഡിങ്ങിന് തയാറെടുക്കുന്ന സമയത്ത് സൈറയുടെ അടുത്തെത്താന്‍ കഴിയുമായിരുന്നില്ല; നടി സൈറ വസീം പീഡനത്തിനിരയായ സംഭവത്തില്‍ വിശദീകരണവുമായി വിസ്താര എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി വിമാനത്തില്‍ ബോളിവുഡ് യുവനടി സൈറ വസീം പീഡനത്തിനിരയായ സംഭവത്തില്‍ വിശദീകരണവുമായി വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍. വിമാനത്തിന്റെ ലാന്‍ഡിങ് സമയത്താണ് തന്നെ ഉപദ്രവിച്ച യാത്രക്കാരനെതിരെ സൈറ പ്രതികരിച്ചത്. വിമാനം ലാന്‍ഡിങ്ങിന് തയാറെടുക്കുന്ന സമയത്ത് സൈറയുടെ അടുത്തെത്താന്‍ വിമാന ജീവനക്കാര്‍ക്ക് സാധിക്കുമായിരുന്നില്ല.

വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ജീവനക്കാര്‍ സൈറയുടെ അടുത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. പരാതി നല്‍കണോയെന്ന് സൈറയോട് ചോദിച്ചുവെങ്കിലും വേണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നു എയര്‍ വിസ്താര അറിയിച്ചു. സൈറയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി വിസ്താര വ്യക്തമാക്കിയതായി വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വിമാനയാത്രക്കിടെ പീഡനത്തിരയായെന്ന ആരോപണം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൈറ ഉയര്‍ത്തിയത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലു കൊണ്ട് ഉരസിയെന്നാണ് പരാതി.

 

Related posts