സുരാജിന്റെ ആദ്യഗാനം “എന്റെ ശിവനേ” പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട് ആദ്യമായി പിന്നണി ഗായകനാകുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സുരാജ് തന്നെയാണ് ചിത്രത്തിലെ നായകൻ. ശിവനെ എന്ന് തുടങ്ങുന്ന ഗാനം കേൾക്കാൻ മോഹൻലാൽ സ്റ്റുഡിയോയിൽ എത്തിയിരുന്നു. തന്റെ ആദ്യ ഗാനം കേൾക്കാൻ മോഹൻലാൽ എത്തിയതിലുള്ള സന്തോഷം സുരാജ് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

പ്രശസ്ത ഗായിക സയനോരയാണ് ഗാനങ്ങൾക്കു സംഗീതം പകർന്നിരിക്കുന്നത്. ഗായികയില്‍ നിന്ന് സംഗീത സംവിധായകയിലേക്കുള്ള സയനോരയുടെ ആദ്യ ചുവടുവെയ്പാണ് ഇത്.

ഹാസ്യ വേഷങ്ങള്‍ മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും, സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കിയ ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്നീ സിനിമകളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്ത സുരാജ് ‘കുട്ടൻപിള്ള’യിലൂടെ വീണ്ടും കേന്ദ്ര കഥാപാത്രമായി എത്തുകയാണ്. ചിത്രത്തില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് സുരാജിന്.

ജീന്‍ മാര്‍ക്കോസ് കഥയെഴുതി സംവിധാനം നിര്‍വഹിച്ച ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’യില്‍ മിഥുന്‍ രമേശ്, ബിജു സോപാനം, ശ്രിന്ദാ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ്ലറ്റ് ജോസഫാണ്. ഫാസില്‍ നാസര്‍ ഛായാഗ്രഹണവും ഷിബിഷ് കെ ചന്ദ്രന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ആലങ്ങാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related posts