സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി മന്ത്രിസഭ തീരുമാനിക്കും

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി മന്ത്രിസഭ തീരുമാനിക്കും. തുടര്‍നടപടിയുടെ കാര്യത്തില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും പ്രധാനമാണ്. നിയമസെക്രട്ടറിയടക്കമുള്ളവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് വെക്കുക എന്ന് സൂചനയുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ ശുപാര്‍ശ കൂടിയടങ്ങുന്ന കുറിപ്പാകും മന്ത്രിസഭ പരിഗണിക്കുക.

ഇന്നലെ മുഖ്യമന്ത്രി ഏറ്റുവാങ്ങിയ റിപ്പോര്‍ട്ട് ഭദ്രമായി അദ്ദേഹത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി ഏറ്റുവാങ്ങിയതൊഴിച്ചാല്‍ ഒരു തരത്തിലുള്ള പരിശോധനയും നടന്നില്ലെന്നാണ് ഭരണകേന്ദ്രങ്ങള്‍ അറിയിച്ചത്. റിപ്പോര്‍ട്ടില്‍ത്തന്നെ തുടര്‍നടപടിയെക്കുറിച്ചു നിര്‍ദേശങ്ങളുണ്ടാകാം. കേസെടുക്കുകയടക്കമുള്ള നടപടിക്രമങ്ങള്‍ക്കു പൊലീസ് ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്. ക്രൈംബ്രാഞ്ചിന്റെയോ, വിജിലന്‍സിന്റെയോ അന്വേഷണത്തിന് സര്‍ക്കാരിനു വേണമെങ്കില്‍ ഉത്തരവിടാം. സര്‍ക്കാരെടുക്കുന്ന അത്തരം നടപടികള്‍ കൂടി വിശദീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പിന്നീട് നിയമസഭയുടെ മേശപ്പുറത്തും വയ്ക്കണം.

അതേസമയം വലിയ തോതിലുള്ള രാഷ്ട്രീയ ചലനങ്ങളൊന്നും റിപ്പോര്‍ട്ട് കാരണം ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. ഉള്ളടക്കമെന്ന നിലയില്‍ പുറത്തുവന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നു നേരത്തേ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനു വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ആ വീഴ്ച സമ്മതിച്ചാണു മുഖ്യമന്ത്രിയായിരിക്കെ അവിടെ നിന്നു ചിലരെ ഒഴിവാക്കിയതും.

Related posts