32 ഉപഗ്രഹങ്ങളുമായി ഇന്ത്യ ഗംഭീര റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു.

32 ഉപഗ്രഹങ്ങളുമായി ഗംഭീര റോക്കറ്റ് വിക്ഷേപണത്തിന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ എസ് ആർ ഓ തയാറെടുക്കുന്നു. ജനുവരിയിൽ ഐ എസ് ആർ ഓ യുടെ ഏറ്റവും പുതിയ റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ്-2 സീരീസും മറ്റ് 31 ചെറിയ ഉപഗ്രഹങ്ങളും ബഹിരാകാശത്ത് വിക്ഷേപിക്കും. പിഎസ്എൽവി സി-40 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് കാർട്ടോസാറ്റും മറ്റ് 31 ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്.

ജനുവരി 12ന് രാവിലെ 9 30ന് വിക്ഷേപണം നടക്കുമെന്നു ഐ എസ് ആർ ഓ അറിയിച്ചു. അന്ന് അയയ്ക്കുന്ന 31 ഉപഗ്രഹങ്ങളിൽ 28 എണ്ണം മറ്റു രാജ്യങ്ങളുടെയും രണ്ടെണ്ണം ഐ എസ് ആർ ഓ യുടെയും ബാക്കി രണ്ടെണ്ണം ശാസ്ത്ര മികവ് തെളിയിക്കാനും ഉള്ളതാണ്. ശ്രീഹരിക്കോട്ടയിലാണ് വിക്ഷേപണം നടക്കുക. പ്രധാന ഉപഗ്രഹമായ കാർട്ടോസാറ്റ്-2 നെ ഇന്ത്യയുടെ ആകാശക്കണ്ണെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഉപഗ്രഹം വഹിക്കുന്ന പാൻക്രൊമാറ്റിക് ക്യാമറ  മികവുള്ള ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ തുടർച്ചയായി എടുക്കാൻ കഴിവുള്ളതാണ്. 9.6 കിലോമീറ്റർ ചുറ്റളവിൽ ഒരുമീറ്റർ റെസലൂഷനിൽ ചിത്രങ്ങൾ എടുക്കാൻ ഈ ക്യാമറക്കു കഴിയും. ഓഗസ്റ്റ് 31-ന് ഐ.ആര്‍.എന്‍.എസ്.എസ്.-1 എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

റോക്കറ്റ് വിക്ഷേപണങ്ങളുടെ ഒരു നിര തന്നെയാണ് 2018 ആദ്യ മൂന്ന് മാസം ഐ എസ് ആർ ഓ യുടെ മുന്പിലുള്ളത്. ജിഎസ്എൽവി മാർക്ക് 2, ജി എസ്എൽവി മാർക്ക് 3, ചന്ദ്രയാൻ-2 മിഷൻ ഇവയെല്ലാം ഫെബ്രുവരി-മാർച്ച് മാസങ്ങളായി ക്രമീകരിച്ചിരിക്കുന്നു.

Related posts